തിരുവനന്തപുരത്ത് കഴിഞ്ഞ ഡിസംബറിൽ നടന്ന ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ എഫ് എഫ് കെ 2017) മാർത്താ മെസ്സോറസ്സ് എന്ന വിഖ്യാത ഹംഗേറിയൻ സംവിധായകയുടെ “ഔറോറാ ബോറിയാലിസ്” എന്ന ചലച്ചിത്രം കാണാനിടയായി. ആ ചിത്രത്തിന്റെ പേരിനൊരു പ്രത്യേകതയുണ്ട്. ഉത്തര ധ്രുവത്തിൽ ഒക്ടോബർ മുതൽ മെയ് വരെ മാസങ്ങളിൽ രാത്രികാലങ്ങളിൽ ആകാശത്ത് കാണപ്പെടുന്ന പ്രകൃതിയുടെ അത്ഭുതങ്ങളിലൊന്നായ ഉത്തരധ്രുവ ദീപ്തിയുടെ പേരാണ് ഔറോറാ ബോറിയാലിസ്. ധ്രുവ ദീപ്തി കാണുക എന്നത് യാത്രകൾ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം മുതലുള്ള ഒരു സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ഒരു യാത്രയുടെ തുടക്കം ആ ചലച്ചിത്രത്തിൽ നിന്ന് തുടങ്ങി എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തി ആവില്ല. കേരളത്തിൽ നിന്നും ഇടത്താവളമായ സ്വിറ്റ്സർലൻഡിൽ മടങ്ങിയെത്തിക്കഴിഞ്ഞപ്പോൾ ഉത്തരധ്രുവ ദീപ്തി തേടിയുള്ള യാത്രയുടെ ഒരു നേർരേഖ തെളിഞ്ഞു കിട്ടി. അക്കി കൌരിസ്മാക്കിയുടെ സിനിമകളിലൂടെ കണ്ട് ഭ്രമിച്ച ഫിൻലാൻഡിലേക്ക് ഫെബ്രുവരിയുടെ തുടക്കത്തിൽ യാത്രപോകാൻ ഞങ്ങൾ തീരുമാനിച്ചു. യൂറോപ്യൻ ഭൂഖണ്ഡത്തിലെ സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഫിൻലാൻഡ്. ഫിൻലാൻഡിനുമുണ്ട് ഒരു അധിനിവേശ ചരിത്രം. 1809 മാർച്ച് 29ന് റഷ്യൻ സാമ്രാജ്യത്തിൽ നിലനിന്നുകൊണ്ട് തന്നെ ഫിൻലാൻഡ് സ്വയംഭരണാവകാശം നേടുകയും 1917 ഡിസംബർ 17ന് സോവിയറ്റ് റഷ്യയിൽ നിന്ന് സ്വതന്ത്രമാവുകയും ചെയ്തു. 1995 ജനുവരി 1ന് ഫിൻലാൻഡ് യൂറോപ്യൻ യൂണിയന്റെ ഭാഗമായി. യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് വലിപ്പത്തിൽ എട്ടാമതും ജനസാന്ദ്രതയിൽ അവസാനവുമാണ് ഫിൻലാൻഡിന്റെ സ്ഥാനം. 55 ലക്ഷമാണ് ജനസംഖ്യ. കേരളത്തിലെ ജനസംഖ്യയുടെ ആറിലൊന്നുമാത്രം. ഒരു സ്ക്വയർ കിലോമീറ്റർ ചുറ്റളവിന് വെറും 17 മനുഷ്യർ. ഫിന്നിഷും സ്വീഡിഷുമാണ് ഔദ്യോഗിക ഭാഷകൾ. സാമി എന്ന ഒരു പ്രാദേശിക ഭാഷയും ഇവിടെ നിലവിലുണ്ട്. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയല്ലെങ്കിലും അവിടെയുള്ള ഏതാണ്ടൊട്ടുമിക്ക ജനങ്ങളും ഇംഗ്ളീഷ് സംസാരിക്കും. ഫിൻലാൻഡിലേക്ക് യാത്രപോകുന്നവർ ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യുന്നവരാണെങ്കിൽ ഭാഷയെ ചൊല്ലിയുള്ള ആകുലത വേണ്ട. യൂറോയാണ് ഫിൻലാൻഡിന്റെ കറൻസി. പ്രായപൂർത്തിയായ എല്ലാ പൌരന്മാർക്കും വോട്ടുചെയ്യാനുള്ള അവകാശം അനുവദിച്ച ആദ്യ യൂറോപ്യൻ രാജ്യവും പ്രായപൂർത്തിയായ ആർക്കും ഇലക്ഷനിൽ മത്സരിക്കാനുള്ള അവകാശം നല്കിയ ലോകത്തെ ആദ്യ രാജ്യവും ഫിൻലാൻഡാണ്. പാർലമെന്ററി ജനാധിപത്യമാണ് ഫിൻലാൻഡിലുള്ളത്. രണ്ടാം മഹായുദ്ധത്തിന് ശേഷമുള്ള മൂന്നു പതിറ്റാണ്ട് കാലത്തെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഫലമായി ഫിൻലാൻഡ് ഒരു ക്ഷേമ രാഷ്ട്രമായി മാറി. അക്കി കൌരിസ്മാക്കിയുടെ സിനിമകളിലൂടെയാണ് ഞാൻ ഫിൻലാൻഡിനെ അറിഞ്ഞുതുടങ്ങിയത്. അതും ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ കൂടി. അന്നുമുതൽ ഫിൻലാൻഡും അക്കി കൌരിസ്മാക്കിയും എനിക്ക് പരസ്പര പൂരകങ്ങളാണ്. ഹെൽസിങ്കിയിൽ തന്റെ ക്യാമറ വയ്ക്കാൻ ഒരിടംപോലും ബാക്കിയില്ലെന്ന് പറഞ്ഞ് 1989ൽ അദ്ദേഹം തന്റെ ഭാര്യയുമായി പോർച്ചുഗലിലേയ്ക്ക് കുടിയേറി. പക്ഷേ കൌരിസ്മാക്കിയുടെ ഒട്ടുമിക്ക സിനിമകളും ഹെൽസിങ്കിയിൽ കേന്ദ്രീകൃതമാണ്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ അദ്ദേഹത്തിന്റെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളും. യാത്രയുടെ ആദ്യപടിയായി ഫിൻലാൻഡ് തിരഞ്ഞെടുത്തെങ്കിലും ഫിൻലാൻഡിലെവിടെ എന്നതായി അടുത്ത ചിന്ത. ഫിൻലാൻഡിന്റെ വടക്കുഭാഗമായ, പൂർണ്ണമായും ഉത്തരധ്രുവത്തിൽ കിടക്കുന്ന ഫിന്നിഷ് ഭാഷയിൽ ലാപ്പി എന്നറിയപ്പെടുന്ന ലാപ്ലാൻഡിലേക്കാവാം യാത്ര എന്ന് തീരുമാനിച്ചു. ഫിൻലാൻഡിന്റെ ഏതാണ്ട് മൂന്നിലൊന്ന് വലിപ്പമുണ്ട് ലാപ്ലാൻഡിന്. റൊവാനിയേമിയാണ് ലാപ്ലാൽഡിന്റെ തലസ്ഥാനം. ഇംഗ്ളണ്ടിനും മറ്റു ചില രാജ്യങ്ങൾക്കും ലാപ്ലാൻഡെന്നാൽ ക്രിസ്തുമസ്സാണ്. തണുപ്പും , മഞ്ഞും , ശിശിരവും കോണിഫർ മരങ്ങളും അതിനെല്ലാമുപരി സാന്റാ ക്ളോസ്സെന്ന ക്രിസ്തുമസ്സ് പാപ്പയുമാണ് ലാപ്ലാൻഡിനെ ക്രിസ്തുമസ്സുമായി ചേർത്ത് നിർത്തുന്നത്. (image:1faf4f91-a896-41a4-9379-95b3d12185a3.jpg) ആഗസ്റ്റ് മാസം അവസാനം അല്ലെങ്കിൽ സെപ്തംബർ ആദ്യം മുതൽ തന്നെ അവിടുള്ള ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീണുതുടങ്ങും. സെപ്തംബർ അവസാനത്തോടെ സമതലങ്ങളിലും മഞ്ഞെത്തും. പിന്നേതാണ്ടേഴുമാസത്തോളം ഇവിടം മഞ്ഞ് പുതച്ച് കിടക്കും. 1634 മുതൽ 1809 വരെ ലാപ്ലാൻഡ് സ്വീഡന്റെ ഭരണത്തിലുള്ള രണ്ട് രാജ്യങ്ങളുടെ അധീനതയിലായിരുന്നു. 1918ന്റെ ആദ്യ പകുതിയിൽ ലാപ്ലാൻഡ് രാജഭരണത്തിൻ കീഴിലുള്ള ഫിൻലാൻഡിന്റെ ഭാഗമായി. 1938ൽ ലാപ്ലാൻഡ് അതിൽ നിന്നടർന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫിൻലാൻഡ് ഭരണകൂടം ലാപ്ലാൻഡിൽ നാസി ജർമ്മനിയുടെ “ഓപ്പറേഷൻ ബാർബറോസാ” യ്ക്കുള്ള സൌകര്യമൊരുക്കി. 1944ൽ ഉണ്ടാക്കിയ പ്രത്യേക ധാരണപ്പ്രകാരം ജർമ്മൻ പട്ടാളത്തെ ലാപ്ലാൻഡിൽ നിന്നും പുറത്താക്കാൻ സോവിയറ്റ് യൂണിയൻ ഫിൻലാൻഡിനോടാവശ്യപ്പെട്ടു. ലാപ്ലാൻഡ് യുദ്ധം അതിന്റെ പരിണിത ഫലമായി. ജർമ്മൻ പട ലാപ്ലാൻഡിന്റെ ഏതാണ്ട് ഭൂരിഭാഗവും അഗ്നിക്കിരയാക്കി. കെട്ടിടങ്ങളും റോഡുകളും റെയിൽവേ ലൈനുകളും നശിപ്പിച്ചു. പിന്നീടുള്ള പതിറ്റാണ്ടുകൾ പുനർ നിർമ്മാണത്തിന്റെയും വികസനത്തിന്റെയും നാളുകളായെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും ലാപ്ലാൻഡ് സാമ്പത്തികമായി തകരുകയും ജനസാന്ദ്രത വലിയ തോതിൽ കുറയുകയും ചെയ്തു. ഫിൻലാൻഡിന്റെ ആകെ ജനസംഖ്യിയിലെ വെറും 3.4% ജനങ്ങൾ മാത്രമാണ് ലാപ്ലാൻഡിലുള്ളത്. ലാപ്ലാൻഡിന്റെ തലസ്ഥാനമായ റൊവാനിയേമിയിൽ നിന്നും 100 കിലോമീറ്റർ വടക്കുള്ള വിന്റർ ടൂറിസത്തിന് പേരുകേട്ട പീഹാ - ലുഓസ്തോ നാഷണൽ പാർക്കും പരിസരങ്ങളും ഞങ്ങൾ യാത്രക്കായി തിരഞ്ഞെടുത്തു. ഫെബ്രുവരി അഞ്ചുമുതൽ പത്തുവരെ തീയതികൾ. വർഷത്തിൽ ഏതാണ്ടിരുനൂറിൽ കൂടുതൽ ദിവസങ്ങളിൽ ഈ ഭാഗത്ത് ഉത്തരധ്രുവ ദീപ്തി കാണാൻ സാധിക്കുമെന്ന് ഗൂഗിൾ ഡേറ്റാകൾ പറഞ്ഞു. സൂറിച്ചിൽ നിന്നും ഹെൽസിങ്കിയിലേക്കെത്താൻ രണ്ട് മണിക്കൂർ 50 മിനിറ്റ് സമയമേ വേണ്ടു. അവിടുന്ന് റൊവാനിയേമി എയർപോർട്ടിലേക്ക് ഒരു മണിക്കൂർ 10 മിനിറ്റിലെത്താം. പക്ഷേ ഫ്ളൈറ്റ് വൈകിയതുകാരണം ഉച്ചയ്ക്ക് ഹെൽസിങ്കിയിലെത്തിയ ഞങ്ങൾക്ക് രാത്രി പത്ത് മണിവരെ അവിടെ കാത്തിരിക്കേണ്ടിവന്നു. അക്കി കൌരിസ്മാക്കിയുടെയും കിമ്മി റായ്ക്കനന്റെയും നാട്ടിലെത്തിയതിന്റെ ആനന്ദമായിരുന്നു എനിക്ക്. കൌരിസ്മാക്കിയുടെ സിനിമകളിൽ കണ്ട് പരിചയമുള്ള മുഖങ്ങൾ ഞാൻ ആൾക്കൂട്ടത്തിൽ വെറുതെ അന്വേഷിച്ചു. രാത്രി 11മണിയ്ക്ക് ഞങ്ങൾ റൊവാനിയേമി എയർപോർട്ടിലെത്തി. ലാപ്ലാൻഡിലേക്ക് തുറക്കുന്ന വാതിലാണ് റൊവാനിയേമി. ചുറ്റും ഏതാണ്ടൊരു മീറ്റർ പൊക്കത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന വളരെ ചെറിയ ഒരു സ്ഥലം. റൊവാനിയേമിയുടെ പ്രത്യേകത എന്തെന്നാൽ അത് നമ്മുടെയെല്ലാം പ്രിയപ്പെട്ട സാന്റാ ക്ളോസ്സെന്ന ക്രിസ്മസ്സ് പാപ്പായുടെ നാടാണ്. എയർപോർട്ടും സാന്റാ ക്ളോസ്സിന്റെ സ്വന്തം. അത്ഭുത കഥകളുടെ ലോകത്തെത്തിയ ഒരനുഭവമായി അത്. എയർപോർട്ടിന്റെ പല ഭാഗങ്ങളിലും പല ഭാവങ്ങളിൽ സാന്റാ ക്ളോസ്സ്. ക്രിസ്തുമസ്സ് പാപ്പാ കൊണ്ടുവരുന്ന സമ്മാനങ്ങൾ കാത്തിരിക്കുന്ന കുട്ടിയുടെ പോലെയായി മനസ്സ്. എന്റെ സമ്മാനം ഈ യാത്രയിൽ എന്നെ കാത്തിരിക്കുന്ന അനുഭവങ്ങളായിരുന്നു (image:19633c7c-4100-41d6-975b-95e4df647777.jpg) എയർപോർട്ടിനുള്ളിൽ തന്നെ വാടകയ്ക്കെടുക്കാവുന്ന കാറുകൾക്കുള്ള കൌണ്ടറുണ്ട്. ഓൺലൈനായി നേരത്തേതന്നെ കാർ ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഒരുപാട് സമയം അവിടെ ചിലവഴിക്കേണ്ടിവന്നില്ല. കൌണ്ടറിൽ നിന്ന ചെറുപ്പക്കാരൻ നല്ലൊന്നാന്തരം തമാശക്കാരൻ. എന്നെ നോക്കിയിട്ടയാൾ പറഞ്ഞു എനിക്ക് ചെറുതായി വട്ടുണ്ടെന്ന്. പാതിരാത്രിയാണ്. കാറിലിരുന്ന് കുഴപ്പമൊന്നുമുണ്ടാക്കരുത് എന്നുപദേശിക്കാനും അയാൾ മറന്നില്ല. വഴിയിൽ റെയ്ൻഡിയറിനെ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് കാണാതിരുക്കുന്നതാണ് നല്ലതെന്നായിരുന്നു മറുപടി. രാത്രികാലങ്ങളിലുണ്ടാകുന്ന ഏതാണ്ടെല്ലാ അപകടങ്ങൾക്കും റെയ്ൻഡിയറാണത്രേ കാരണം.മഞ്ഞിൽ വണ്ടിയോടിച്ച് പരിചയമുണ്ടോ എന്നന്വേഷിക്കാനും അയാൾ മറന്നില്ല. പരിചയമുണ്ട് എന്ന അർത്ഥത്തിൽ ഹുക്ക് തലയാട്ടി. യാത്ര പറയുമ്പോൾ ഞാനയാളോട് പറഞ്ഞു. അയാൾ നല്ലസ്സല് തമാശക്കാരനെന്ന്. ആ നാട്ടിലുള്ള മനുഷ്യരുടെ ഞാൻ കണ്ട ആദ്യത്തെ പ്രതിനിധിയായിരുന്നു അയാൾ. എനിക്ക് തെറ്റിയില്ല. പിന്നീട് പരിചയപ്പെട്ട എല്ലാവരും പെരുമാറ്റം കൊണ്ട് ഹൃദയം കീഴ്പ്പെടുത്തുന്നവർ തന്നെയായിരുന്നു. റൊവാനിയേമിയിൽ നിന്നും 100 കിലോമീറ്റർ വടക്കുള്ള ലുഓസ്തോയിലാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്.. യാത്ര തുടങ്ങി അല്പദൂരം കഴിഞ്ഞപ്പോൾ റോഡിൽ ഒരു ബോർഡ്. അതിൽ "ആർട്ടിക് സർക്കിൾ , സാന്റാ ക്ളോസ്സ് “ എന്നെഴുതിയിരിക്കുന്നു. ആ കാഴ്ച നല്കിയ അത്ഭുതവും അമ്പരപ്പും സന്തോഷവും കൊണ്ട് കുറേ നേരത്തേയ്ക്ക് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. (image:628e2e91-3447-4b70-818d-11c09625b218.jpg) ഇ75 നംബർ ഹൈവേ വഴി സ്വപ്ന തുല്യമായ ഒരു യാത്രയായി അത്. നല്ല നിലാവ്. തെളിഞ്ഞ ആകാശം . പാതയ്ക്കിരുവശവും മഞ്ഞണിഞ്ഞുനില്ക്കുന്ന പൈൻ മരങ്ങൾ. കുറച്ച് തുറസ്സായ സ്ഥലത്തെത്തിയപ്പോൾ ആകാശം നിറഞ്ഞുനില്ക്കുന്ന പകുതി വിടർന്ന ചന്ദ്രൻ. ഉത്തരധ്രുവത്തിലായതുകൊണ്ടാണോ ആകാശം ഇത്ര അടുത്തായി കാണുന്നത് ? കൈ ഉയർത്തിയാൽ തൊടാവുന്നതുപോലെ. ട്രാഫിക് തീരെയില്ല. പത്തോ പതിനഞ്ചോ മിനീറ്റ് കൂടുമ്പോൾ ഏതെങ്കിലുമൊരു വാഹനം കടന്നുപൊയെങ്കിലായി. (image:9231b848-7c4c-498b-8807-8a0bfda90104.jpg) ലുഓസ്തോ ടുൻടുറി ലാപ്ലാൻഡ് ഹോട്ടലിന്റെ മുൻപിലെത്തുമ്പോൾ സമയം രാത്രി ഒരുമണി. നേരത്തേ അറിയിച്ചിരുന്നത് കൊണ്ട് റിസപ്ഷനിൽ ആളുണ്ടായിരുന്നു. താമസത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത് ലോഗ് ക്യാബിൻ ആയിരുന്നു. ആറുപേർക്ക് താമസിക്കാൻ പാകത്തിനുള്ള വലിയ മുറി. നടുക്ക് തീകായാനുള്ള ഒരു വലിയ ഫയർപ്ളേയ്സ്. മുറിയുടെ മറ്റൊരു മൂലയിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. അത്കൂടാതെ സൌനയും. ഫിൻലാൻഡിൽ 55 ലക്ഷം മനുഷ്യരാണുള്ളത്. ഇവർക്ക് വേണ്ടിയുള്ളതോ 20 ലക്ഷം സൌനയും. അവിടുത്തെ കൊടും തണുപ്പിൽ നിന്നും രക്ഷപ്പെടാൻ അവർക്കതില്ലാതെ തരമില്ല. സൌനയ്ക്കുള്ളിലിരുന്ന് വിയർത്ത് പുറത്തെ മഞ്ഞിലേക്ക് ഓടിയിറങ്ങുന്ന ഒരു കാഴ്ച എന്റെ മനസ്സിൽ കൂടി മിന്നിമറഞ്ഞു. (image:d0ab5033-b561-425c-9f9d-f243d1eeef61.jpg) രാവിലെ ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ ഏതാണ്ടൊന്നര മീറ്റർ പൊക്കത്തിൽ മഞ്ഞ്. തലേന്ന് രാത്രി വളരെ വൈകിയെത്തിയതുകൊണ്ട് രാവിലെ നേരത്തേ എഴുന്നേൽക്കാൻ തോന്നിയില്ല. സൂര്യൻ 9 മണിക്കുദിക്കുന്ന പ്രദേശത്ത് നേരത്തേ എഴുന്നേറ്റിട്ട് പ്രത്യേകിച്ച് കാര്യവുമില്ല. ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് പരിസരങ്ങൾ കണ്ടത്..ലോഗ് ഹൌസിൽ നിന്നും ഹോട്ടലിലേക്കെത്താൻ കുറച്ചുദൂരം നടക്കണം. കണ്ണെത്താദൂരത്തോളം മഞ്ഞുമാത്രം. സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്ന മഞ്ഞുകണങ്ങളുടെ ഒരു പുതപ്പെടുത്ത് അലസമായി പുതച്ചതുപോലെ പ്രകൃതി. (image:6ebf7611-f558-4587-9280-8066837eb435.jpg) (image:3500ca33-34aa-4004-bcc0-9a91c986bcd6.jpg) റിസപ്ഷനിൽ നില്ക്കുന്ന പെൺകുട്ടി ടൂറിസ്റ്റുകൾക്ക് ചെയ്യാൻ സാധ്യമായ എല്ലാ കാര്യങ്ങളേക്കുറിച്ചും വിശദമായി മനസ്സിലാക്കിത്തന്നു. ഞങ്ങൾക്ക് ധ്രുവ ദീപ്തിയെ കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്. അത് കാണാനുള്ള സാധ്യത മുൻകൂട്ടി അറിയാനുള്ള സംവിധാനം ഹോട്ടലിൽ നിലവിലില്ലെന്നും എന്നാൽ ഔറോറാ ആപ്പ് വഴി വിവരമറിയാൻ കഴിയുമെന്നും അവരറിയിച്ചു. ആവേശകരമായ തയ്യാറെടുപ്പിനിടയിൽ ശ്രദ്ധിക്കേണ്ടിയിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഞങ്ങൾ വിട്ടുപോയിരുന്നു. ധ്രുവ ദീപ്തി പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം കെപി ഇൻഡെക്സ് എന്നറിയപ്പെടുന്ന ഗ്രഹങ്ങളുടെ സൂചികയാണ്. 0 മുതൽ 9 വരെയുള്ള ഈ സൂചികയാണ് ധ്രുവ ദീപ്തി കാണാനുള്ള സാധ്യത നിശ്ചയിക്കുന്നത്. ഇത് നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ ഞങ്ങൾ തിരഞ്ഞെടുത്ത ദിവസങ്ങൾ മാറ്റുമായിരുന്നു. കാരണം കെ പി സൂചിക കുറഞ്ഞിരുന്ന സമയമായിരുന്നു അത്. കെ പി സൂചിക ഭൌമ കാന്തിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെൺകുട്ടി പറഞ്ഞതനുസരിച്ച് ഔറോറാ ആപ്പ് ഡോൺലോഡ് ചെയ്തെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. പക്ഷേ പ്രതീക്ഷയ്ക്ക് യാതൊരു കുറവും ഞങ്ങൾ വരുത്തിയില്ല. ഹോട്ടലിൽനിന്നും ഞങ്ങൾ ലാപ്ലാൻഡ് സഫാരി ബുക്കിംഗ് ഓഫീസിലേക്ക് പോയി. ലുഓസ്തോ നേച്ചർ പാർക്ക് സഫാരി, റൊവാനിയേമിയിലേക്ക് ഒരു യാത്ര, സാഹസികത വേണ്ടവർക്ക് സ്നോമൊബൈൽ സഫാരിയും ലഭ്യമാണ്. 10 കിലോമീറ്റർ ദൂരെയുള്ള റെയ്ൻഡിയർ ഫാം വരെ സ്നോമൊബൈലിൽ യാത്രചെയ്തിട്ട് റെയ്ൻഡിയർ സഫാരിയും, അലാസ്ക്കൻ നായകൾവലിക്കുന്ന സ്ളെല്ഡ്ജ് സഫാരിയും നടത്താനുള്ള സൌകര്യമുണ്ട്. സ്നോഷൂ ധരിച്ച് മഞ്ഞിൽ കൂടി നടക്കാം. ശരിക്കും വിന്റർ ടൂറിസത്തിന്റെ ഒരു പറുദീസയാണവിടം.മഞ്ഞ് കാലത്ത് സൂര്യൻ വൈകി ഉദിക്കുകയും നേരത്തേ അസ്തമിക്കുകയും ചെയ്യുന്ന നാട്ടിൽ പകൽവെളിച്ചം കമ്മിയാണ്. പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്നത് നോർവ്വേ ആണെങ്കിലും എല്ലാ സ്കാൻഡിനേവിയൻ രാജ്യങ്ങളുടെയും ഉത്തരധ്രുവത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളിൽ വേനൽക്കാലത്ത് ജൂൺ മാസത്തിൽ കുറച്ചൂദിവസം പാതിരാസൂര്യനെ കാണാനാവും. ടൂറിസം കൊണ്ടുമാത്രം നിലനിന്ന് പോകുന്ന ഒരു പ്രദേശമാണ് ലാപ്ലാൻഡ്. മനുഷ്യവാസമുള്ള ഒരു പ്രദേശം പോലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. അതിശൈത്യത്തെ അതിജീവിച്ച് മുന്നേറുക തീർത്തും പ്രയാസമാവും. ലാപ്ലാൻഡിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 1.8 പേർ മാത്രമാണ്. (image:c779f98d-cc9d-4722-9524-9ad30a3823c2.jpg) ലുഓസ്തോയിൽനിന്നും 27 കിലോമീറ്റർ തെക്കോട്ട് പോയാൽ പീഹ എന്നൊരു ചെറിയ ഗ്രാമത്തിലെത്താം. അതൊരു സ്കീയിംഗ് റിസോർട്ടാണ്. മഞ്ഞുമൂടിയൊരു കുന്നിൻചരിവ്. അല്പം ഉയരത്തിലുള്ള സ്ഥലമാകയാൽ അവിടം ഉത്തര ധ്രുവ ദീപ്തി കാണാൻ സൌകര്യമുള്ള സ്ഥലമെന്നാണ് പറയുന്നത്. നേരത്തേ പറഞ്ഞ കെ പി സൂചികയ്ക്കൊപ്പം മഞ്ഞുപെയ്യാത്ത കാർമേഘങ്ങളൊഴിഞ്ഞ നല്ലതെളിഞ്ഞ ആകാശമുള്ള രാത്രികളും കൂടി ഉണ്ടെങ്കിൽ മാത്രമേ ധ്രുവ ദീപ്തി ദൃശ്യമാവുകയുള്ളൂ. കുന്നിന് താഴെയായി ഒരു വലിയ തടാകമുണ്ട് . അതിപ്പോൾ മഞ്ഞ് മൂടിക്കിടക്കുന്നു. ഫിൻലാൻഡിൽ ചെറുതും വലുതുമായി ഏതാണ്ട് 188000 തടാകങ്ങളുണ്ട്. മഞ്ഞുകാലത്ത് അവയെല്ലാം മഞ്ഞുപാളികളാൽ ആവരണം ചെയ്യപ്പെട്ടിരിക്കും. (image:bd2cb370-da02-444e-9886-c71c00825b3a.jpg) പീഹയിൽ ഒരു സൂപ്പർ മാർക്കറ്റുണ്ട്. വൈകിട്ട് ആറുമണിവരെ മാത്രം തുറന്നു പ്രവർത്തിക്കുന്ന ഒന്ന്. ഏതാണ്ട് പത്ത് മുപ്പത് കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ഒരേയൊരു സൂപ്പർ മാർക്കറ്റ്. ഇവിടെയും പ്രധാനമായി ലക്ഷ്യമിട്ടിരിക്കുന്നത് ടൂറിസ്റ്റുകളെയാണ്. ഉദാഹരണത്തിന് പോസ്റ്റ് കാർഡുകൾക്കും സ്റ്റാമ്പുകൾക്കുമായി ഒരു കൌണ്ടർ. അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും അവിടെ ലഭ്യമാണ്. രാത്രിയിൽ ധ്രുവ ദീപ്തി കാണാനായി പ്രത്യേക യാത്രാ സൌകര്യങ്ങളുണ്ട് . ഞങ്ങളത് സ്വന്തമായി ചെയ്യാൻ തീരുമാനിച്ചു. ഹോട്ടലിന് പിറക് വശത്തായി ഒരു തടാകമുണ്ട്. ധ്രുവ ദീപ്തികാണപ്പെടാനുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശം. ഉറഞ്ഞ മഞ്ഞിനുമുകളിലൂടെ നടക്കുമ്പോൾ ഞാൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്ക്കിയുടെ ഡെക്കലോഗ്സിലെ ഒന്നാം ഭാഗമോർത്തു. മഞ്ഞുപാളി ഇളകിമാറി താഴോട്ടുപോകുമോ എന്നൊരു ഭയം എന്നേ പിടികൂടി. അടുത്ത ക്ഷണത്തിൽ ഭയം അടിയറവ്പറഞ്ഞു. മഞ്ഞുപാളി ഇളകിയില്ല. ഞാൻ താഴേയ്ക്ക് പോയുമില്ല. പക്ഷേ ഉൾക്കിടിലം അവശേഷിച്ചു. ലുഓസ്തോ സഫാരി ബുക്കിംഗ് ഓഫീസ്,ചടുലമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ. ചിരിച്ച് സന്തോഷത്തോടെ സഹായിക്കാനുള്ള വ്യഗ്രതയോടെ നിൽക്കുന്ന മനുഷ്യർ. അതവരുടെ ജോലിയുടെ ഭാഗമാകാം. അതിൽ ഹെൽസിങ്കിയിൽ നിന്നുള്ളവരുണ്ട്. അയൽ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. സീസൺ കഴിയുമ്പോൾ ഇവർ അവരവരുടെ നാടുകളിലേയ്ക്ക് തിരിച്ചുപോകും. പെട്ടെന്നെനിക്ക് എയർപോർട്ടിൽ കണ്ട ചെറുപ്പക്കാരനെ ഓർമ്മ വന്നു. ഹോട്ടൽ റിസപ്ഷനിൽ നിന്ന പെൺകുട്ടിയേയും. 2018 മാർച്ചിൽ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളുടെ പട്ടികയിൽ ഫിൻലാൻഡാണ് ഒന്നാം സ്ഥാനത്ത്. അവരുടെ ചിരിക്കുന്ന മുഖങ്ങൾ ഓർത്തപ്പോൾ അതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന് തോന്നി. ബുക്കീംഗ് ഓഫീസ് ആൾക്കാരേക്കൊണ്ട് തിങ്ങി നിറഞ്ഞിരിന്നു. പലതരം സവാരികൾക്കായി തയ്യാറെടുത്ത് നിൽക്കുന്നവർ. കടുത്ത തണുപ്പിനെ കീഴ്പ്പെടുത്താനായി അവിടുന്നും കിട്ടും ജാക്കറ്റുകളും മഫ്ളറും തൊപ്പിയും കൈകാലുറകളും. അന്നേ ദിവസം വൈകുന്നേരം നാലുമണിമുതൽ ആറുമണിവരെയുള്ള സ്നോമൊബൈൽ സഫാരി ബുക്ക് ചെയ്തു. (image:7f71ebf0-b494-463b-89a2-957133ea8d55.jpg) എനിക്ക് സാമാന്യം നല്ല ഭയമുണ്ടായിരുന്നു. ഹുക്കിന് ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷവും. ബെൽജിയം കാരനായ ഗൈഡ് കാര്യങ്ങൾ വിശദീകരിച്ചു. ഉത്തരധ്രുവ ദീപ്തി കാണാനുള്ള സാധ്യതയെ കുറിച്ച് ഞങ്ങൾ ആരാഞ്ഞു. കാണാനൊരു സാധ്യതയുമില്ലെന്ന് ഗൈഡ്പറഞ്ഞപ്പോൾ ഞാനയാളെ മനസ്സിൽ സിനിക്കെന്നു വിളിച്ചു. യാത്ര തുടങ്ങി. എന്റെ ഭയം അത്ഭുതത്തിന് വഴിമാറി. അത്ര സുന്ദരമായ കാഴ്ചയായിരുന്നു ചുറ്റും. കൂടുതൽ കൂടുതൽ ഉള്ളിലേക്ക് പോകുംതോറും മഞ്ഞ് മാത്രം കാണായി. മരങ്ങൾ പൂർണ്ണമായും മഞ്ഞണിഞ്ഞു. സൂര്യൻ അസ്തമിച്ച ശേഷമുള്ള അരണ്ട വെളിച്ചവും മഞ്ഞണിഞ്ഞ പ്രകൃതിയും. ഭ്രമിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. (image:3657ebfd-9fee-48a0-b9e2-200582788bac.jpg) ഏതാണ്ടൊരുമണിക്കൂർ യാത്രകഴിയുമ്പോൾ കാടിന്റെ നടുവിൽ കുറച്ചുനേരം വിശ്രമമുണ്ട്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമായിരുന്നു അന്ന്. നിറയെ നക്ഷത്രങ്ങളും. കയ്യെത്തിപ്പിടിക്കാമെന്ന് തോന്നുന്ന അത്ര അടുത്ത്. പകൽവെളിച്ചത്തിൽ റൊവാനിയേമി കാണുക എന്നത് ആദ്യ ദിവസമെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു. അടുത്ത ദിവസം രാവിലെ ഞങ്ങൾ റൊവാനിയേമിക്ക് വിട്ടു. ക്രിസ്മസ്സ് പാപ്പായുടെ നാടായ റൊവെനിയേമിയിൽ സാന്റാ ക്ളോസ്സ് വില്ലേജുണ്ട്. (image:0670c312-91bf-4689-9cc3-edf848012c9d.jpg) അവിടെയും ടൂറിസ്റ്റുകൾക്കായി ധാരാളം സംഗതികൾ ഒരുക്കിയിട്ടുണ്ട്. അതിൽ പ്രധാനം ആർട്ടിക് സർക്കിൾ കടന്നുപോകുന്ന റെയ്ൻഡിയർ സഫാരിയാണ്. (image:21cebc78-e0ca-43fd-9c05-e6b580bcb29e.jpg) ആർട്ടിക് സർക്കിൾ കടന്നവർ എന്ന ഒരു സർട്ടിഫിക്കറ്റും ലഭിക്കും. യാത്രാപഥത്തിൽ പലയിടത്തായി വച്ചിട്ടുള്ള ക്യാമറയിൽ ആർട്ടിക് സർക്കിൾ കടക്കുന്ന സഞ്ചാരികളുടെ ചിത്രം പതിയും. യാത്രയുടെ ഓർമ്മക്കായി സൂക്ഷിക്കാൻ അതും വാങ്ങാം. സാൻറ്റാക്ളോസ്സ് വില്ലേജിൽ സാന്റയുടെ സ്വന്തം പോസ്റ്റോഫീസുമുണ്ട്. (image:2f2a7634-a6ea-4d74-98b2-20d714bea6f6.jpg) അവിടുത്തെ ജീവനക്കാർ സാന്റയുടെ തലയിൽ കാണാറുള്ള പോലത്തെ ചുവന്ന തൊപ്പിയും ധരിച്ചാണിരിപ്പ്. കൌതുകമുണർത്തുന്നൊരു കാഴ്ചയാണത്. അന്നേ ദിവസം രാത്രി ഞങ്ങൾ വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. രാത്രി പതിനൊന്ന് മണിയായപ്പോൾ ഉത്തരധ്രുവ ദീപ്തി തേടിയുള്ള അടുത്ത പ്രയാണം തുടങ്ങി. ലുഓസ്തോയിൽ നിന്നും 31 കിലോമീറ്റർ വടക്ക് സോഡൻകീലാ എന്നൊരു പ്രധാനസ്ഥലമുണ്ട്. അവിടെ എത്തി ഔറോറാ ആപ്പ് പരിശോധിച്ചപ്പോൾ ഏതാണ്ട് 80 കിലോമീറ്ററകലെ കിറ്റിലാ എന്നുപേരുള്ള സ്ഥലത്ത് കാണാൻ സാധ്യതയുണ്ടെന്ന്മനസ്സിലായി. വണ്ടിഅങ്ങോട്ടേയ്ക്ക് വിട്ടു. കുറച്ചുദൂരം കഴിഞ്ഞപ്പോൾ റോഡ് മുഴുവൻ മഞ്ഞായി. അത് അധികം വാഹനങ്ങൾ കടന്നുപോകാത്ത ഒരു റോഡായിരുന്നു. ഇടയ്ക്ക് കാറ്റടിക്കുമ്പോൾ ഇലകളിൽ നിന്നും മഞ്ഞിളകി കാറ്റിൽ പറക്കും. മുന്നോട്ടുള്ള കാഴ്ച പലപ്പോഴും തടസപ്പെട്ടു. എന്നെ ചെറുതായി ഭയം ഗ്രസിക്കാൻ തുടങ്ങി. 12 മണിവരെ കിറ്റിലയ്ക്കുള്ള ദിശയിൽ പോകാമെന്നും അത് കഴിഞ്ഞ് വണ്ടി തിരിക്കാമെന്നും ഹുക്ക് പറഞ്ഞു. ഞാൻ 12 മണിയാകുന്നതും നോക്കി ഇരിപ്പായി. ലോകത്തിന്റെ ഏതോ അറ്റത്ത് എത്തിയ പ്രതീതി ആയിരുന്നു. ഔറോറാ ആപ്പ് വലിയ പ്രതീക്ഷ നൽകി. ഞങ്ങൾ നില്ക്കുന്ന സ്ഥലത്ത് 28% ശതമാനം സാദ്ധ്യത. വല്ലാത്തൊരു പ്രതീക്ഷയായിരുന്നു ഞങ്ങൾക്കപ്പോൾ. അടുത്ത ദിവസം രാവിലെ ഒൻപത് മണിക്ക് അലാസ്ക്കൻ നായകൾ വലിക്കുന്ന സ്ളെഡ്ജ് സഫാരിക്ക് പോകേണ്ടിയിരുന്നതിനാൽ ഒരുപാട് സമയം കാത്തിരിക്കുക സാധ്യമല്ലായിരുന്നു. പെട്ടെന്നൊരു വാഹനം ഞങ്ങളെ കടന്നുപോയി. അതെനിക്ക് തന്ന ആശ്വാസം ചില്ലറയല്ല. സഹജീവികളുണ്ടെന്നറിയുമ്പോഴുണ്ടാകുന്ന ഒരുതരം സന്തോഷവും. ഞങ്ങൾ തിരിച്ചു യാത്ര തുടങ്ങി. പെട്ടെന്നാണ് രണ്ട് റെയ്ൻഡിയറുകൾ റോഡിൽ പ്രത്യക്ഷപ്പെട്ടത്. ഹുക്കിന്റെ സമയോചിതമായ പ്രവൃത്തികൊണ്ട് ഒരു വലിയ അപകടം ഒഴിവായി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കുറച്ചുസമയമെടുത്തു. പെട്ടെന്ന് എയർപോർട്ടിലെ ചെറുപ്പക്കാരന്റെ വാക്കുകളോർത്തു. അതേ, ഒരപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലാപ്ലാൻഡിൽ മനുഷ്യരേക്കാൾ കൂടുതൽ റെയ്ൻഡിയറുകളുണ്ട്. (image:5dea7d7e-5616-443b-9f81-fc2178eab0c1.jpg) 2016 ലെ കണക്കനുസരിച്ച് മനുഷ്യർ 180000 അടുപ്പിച്ച്. റെയ്ൻഡിയറുകളോ 2 ലക്ഷത്തിന് മുകളിലും. രണ്ടു രാത്രിയിൽ പാതിരാസഞ്ചാരം നടത്തിയെങ്കിലും ഉത്തരധ്രുവ ദീപ്തി ഞങ്ങൾക്കപ്രാപ്യമായി. നിരാശ അത്ര സുഖകരമായ വികാരമല്ല. എങ്കിലും എത്രയോ അത്ഭുതകരമായ കാഴ്ചകൾക്ക് ഞങ്ങൾ സാക്ഷികളായി. ലാപ്ലാൻഡിന്റെ ഭൂപ്രകൃതി തികച്ചും വ്യത്യസ്ഥമായ ഒരനുഭവം ആയിരുന്നു. പ്രകൃതിക്കൊപ്പം, പരിചയപ്പെട്ട മനുഷ്യരും അതീവ ഹൃദ്യമാക്കിയ ഒരു നാട്ടിൽ കുറച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും തിരികെ പോരുമ്പോൾ ഒരുതവണകൂടി ആർട്ടിക് സർക്കിൾ കടന്നപ്പോൾ തോന്നിയ നഷ്ടബോധവും എല്ലാം ഈ യാത്ര അവിസ്മരണീയമായ ഒരനുഭവമാക്കിമാറ്റി. ഒട്ടും വൈകാതെ ഒരു മടങ്ങിപ്പോക്കിനുള്ള മുന്നൊരുക്കമാകട്ടെ ഈ യാത്ര. അതെ, ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. ഔറോറാ ബോറിയാലിസ് എന്ന ഉത്തരധ്രുവ ദീപ്തി ഒരിക്കലെങ്കിലും കാണണമല്ലോ….