സ് കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടമുള്ള വിഷയമേതെന്ന് ചോദിച്ചാൽ പ്രത്യേകിച്ചൊരാലോചന ഇല്ലാതെ തന്നെ ചരിത്രമെന്ന് പറയുമായിരുന്നു. പിന്നീട് ഇഷ്ടങ്ങൾ മാറി മറിഞ്ഞെങ്കിലും മനസ്സിന്റെ ഒരു കോണിൽ ചരിത്രത്തോടുള്ള ഇഷ്ടം ഇടയ്ക്കിടെ ജീവൻവച്ചും ഇടയ്ക്കിടെ മൃതമായും അങ്ങനെ കിടന്നു. യാത്രയോടുള്ള അഭിനിവേശം ഇടയ്ക്കെപ്പഴോ കയറിക്കൂടി. പലപ്പോഴും കാലം ബാക്കി വച്ചുപോയ ചരിത്ര ശേഷിപ്പുകളുടെ പരിസരങ്ങളിൽ എത്തിപ്പെടാനും കണ്ടറിയാനുമുള്ള അവസരങ്ങളും ലഭിച്ചു. കേരളം വിട്ട് ഏതെങ്കിലുമൊരു വിദേശരാജ്യത്ത് ചേക്കേറുന്നത് വിദൂരമായിപ്പോലും ചിന്തിച്ചിട്ടില്ലാത്തൊരു കാലമുണ്ടായിരുന്നു. ഓരോ വ്യക്തിക്കും ഒരു സുരക്ഷിത വലയമുണ്ട്. അത് നാടാകാം. സ്വന്തം വീടാകാം. അടുപ്പമുള്ള സുഹൃദ് വലയങ്ങളാകാം. അത് ഭേദിച്ച് പുറത്ത് കടക്കുക അത്ര എളുപ്പമല്ല. ചിലർ അത് വെല്ലുവിളിയായി സ്വീകരിക്കും. മറ്റ് ചിലർക്കത് സാഹചര്യങ്ങളുടെ സമ്മർദ്ദമാണ്. ചിലപ്പോഴെങ്കിലും അതൊരു രക്ഷപ്പെടലാണ്. ജീവിതം പലപ്പോഴും പ്രതീക്ഷിക്കാത്ത വഴികളിൽ കൂടിയുള്ള ഒരു പ്രയാണമാണ്. 2016 അവസാനത്തോടെ സ്വിറ്റ്സർലാൻഡ് ഒരു ഇടത്താവളമായി സ്വീകരിക്കുമ്പോൾ ആ നാട് കാണുക, അറിയുക എന്ന വളരെപ്പണ്ടുതൊട്ടേയുള്ള ഒരു സ്വപ്നം കൂടി അതോടൊപ്പം യാഥാർത്ഥ്യമാവുകയായിരുന്നു. ഇവിടെ വന്ന നാൾ മുതൽ കേൾക്കുന്നൊരു പേരായിരുന്നു അവോൻഷ് എന്ന അവെൻറ്റികം.. റോമാ സാമ്രാജ്യത്തിന്റെ പ്രതാപകാലത്തിന്റെ ശേഷിപ്പ്. സ്വിറ്റ്സർലാൻഡിലെ ഇരുപത്തിയാറ് കാൻറ്റോണുകളിലൊന്നായ വാറ്റ്ലാൻഡിലാണ് (ഫ്രഞ്ച് നാമം വോ ) അവോൻഷ് സ്ഥിതി ചെയ്യുന്നത്. .ഇൻഡ്യയിൽ സംസ്ഥാനങ്ങൾ എന്നതുപോലെയാണ് ഇവിടെ കാൻറ്റോണുകൾ. ബീൽ എന്ന ചെറിയ പട്ടണത്തിൽ നിന്നും ഏതാണ്ട് 44 കിലോമീറ്റർ മാത്രം ദൂരമുള്ള റോമാസാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലെത്താൻ ഏതാണ്ടിരുപത് മാസത്തെ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. അതികഠിനമായ മഞ്ഞുകാലത്തിന് ശേഷം എത്തുന്ന ഏപ്രിൽ വസന്തത്തിനൊപ്പം വെയിലെന്ന പ്രതീക്ഷയും കൂടി നൽകുന്നുണ്ട്. താപനില ഏറിയും കുറഞ്ഞും ഇരുപതോടടുക്കുന്ന നാളുകൾ. അതുവരെ തണുപ്പിനെ പ്രതിരോധിച്ച് പൊതിഞ്ഞ് സൂക്ഷിച്ച ഉടലുകൾ സൂര്യരശ്മിയുടെ സ്പർശമേൽക്കാൻ തുടങ്ങുന്ന നാളുകൾ. ഓരോ തരി മണലിലും ചരിത്രമുറങ്ങുന്ന അവോൻഷ് പോലൊരു ഭൂപ്രകൃതി കാണാൻ ഏറ്റവും അനുയോജ്യം ഇതുപോലൊരു ദിവസമാണ്. ചരിത്രം നമ്മോട് ആവോളം സംസാരിക്കും. മനസ്സ് തുറന്നിടുക. കാത് കൂർപ്പിക്കുക. അത് നമുക്കുള്ളിലേക്കൊഴുകി എത്തും. (image: ccf5f20a-bda3-4400-9461-6f6ee7fd8ce1.jpg) അവോൻഷിന്റെ ചരിത്രം തുടങ്ങുന്നത് കെൽറ്റിക് കാലഘട്ടത്തിന്റെ സമയം മുതൽക്കാണ്. കെൽറ്റുകൾ ലോഹയുഗത്തിലെ ഇൻഡോ- യൂറോപ്യൻ ജനവിഭാഗങ്ങളിൽ പെട്ടവരാണ്. ആ കാലഘട്ടത്തിൽ ഇന്നത്തെ സ്വിറ്റ്സർലാൻഡ് ഹെൽവെറ്റിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹെൽവെറ്റിയക്കാരായ ഗൌൾ ഗോത്രക്കാർ റോമാ സാമ്രാജ്യത്തിന്റെ അധിനിവേശത്തിന് മുൻപ് ബിയോ ദോ ഷാറ്റേൽ (Bios de Châtel ) കുന്നുകളിൽ അധിവസിച്ചിരുന്നു. ബിസി അൻപത്തെട്ടോടെ അവർ ഫലഭൂയിഷ്ഠമായ പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ച് പ്രയാണം തുടങ്ങി . പോകും മുൻപ് പഴയ ആവാസ കേന്ദ്രം അഗ്നിക്കിരയാക്കാൻ അവർ മറന്നില്ല. ബി സി 15-13 കാലത്ത് അവോൻഷിൽ റോമൻ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു.. താൻ വിപുലീകരിച്ച റോമാ സാമ്രാജ്യത്തിന്റെ വടക്കേ അതിരുകൾ കാക്കാനായി ജൂലിയസ് സീസർ ഹെൽവെറ്റിയക്കാരെ അവിടേയ്ക്ക് തിരികെ വരുത്തി. കൊല്ലവർഷം ഒന്നാം നൂറ്റാണ്ടിൽ അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്ത് ഇന്നത്തെ അവോൻഷെന്ന അവെൻറ്റികം രൂപമെടുത്തു. ഹെൽവെറ്റിയക്കാരുടെ വസന്തത്തിന്റെ ദേവതയായ അവെൻറ്റികയിൽ നിന്നാണ് അവെൻറ്റികം എന്ന പേര് വരുന്നത്. അതിനൊപ്പം ഹെൽവെറ്റിയ പൂർണ്ണമായും റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായി. വെസ്പേസിയൻ ചക്രവർത്തി അവെൻറ്റികത്തെ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും പ്രധാന കച്ചവട കേന്ദ്രവുമായി വികസിപ്പിച്ചു. അവോൻഷിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ജനസംഖ്യയായ ഇരുപതിനായിരം ആ കാലഘട്ടത്തിൽ രേഘപ്പെടുത്തിയിട്ടുള്ളതാണ്. റോമാ സാമ്രാജ്യാധിനിവേശത്തിന്റെ അടയാളമായി ഇപ്പോൾ അവോൻഷിൽ അവശേഷിക്കുന്നത് ഒരു ആംഭിതിയേറ്റർ, അവോൻഷ് കോട്ട, 5.6 കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച കൂറ്റൻമതിൽ (സംരക്ഷണമല്ല മറിച്ച് അഭിമാനത്തിന്റെ പ്രതീകമായിരുന്നു മതിൽ) , റിഫോർമ്മ്ഡ് പള്ളി , കുതിരസവാരിക്കായുണ്ടായിരുന്ന മൈതാനം, കുതിരലായങ്ങൾ, വലിപ്പം കുറഞ്ഞ ഒരു തിയേറ്റർ , ഡോണാറ്റൈർ ടെംബിൾ ( Temple à Donatyre ) എന്നിവയാണ്. (image: 0b02aba1-7913-4d65-97be-183d982eee78.jpg) പഴയ കാലത്ത് അവോൻഷ് കോട്ടയുടെ ഒരു ഗോപുരം ജയിലായിരുന്നു. ഇപ്പോൾ അതൊരു മ്യൂസിയമാണ്. അതിനൊപ്പം ഒരു ഗ്യാലറിയും ഉണ്ട്. വളഞ്ഞുവളഞ്ഞ് മുകളിലേക്കുപോകുന്ന കൽപ്പടവുകൾ ചെന്നെത്തുന്നിടത്താണ് ഗ്യാലറി. കാറ്റും വെളിച്ചവും കടക്കാത്ത കുടുസ്സായ ജയിൽ മുറികൾ ഗ്യാലറിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. (image:9e51cbd8-fe1b-45e6-ba72-71605c2d873d.jpg) വൈദ്യുതി വെളിച്ചത്തിൽ പ്രകാശിച്ച് നിൽക്കുന്ന മുറികൾ ഇരുട്ട് വീഴുമ്പോൾ വീണ്ടും പഴയ ജയിൽ മുറികളായി രൂപാന്തരം പ്രാപിക്കുന്നത് ഞാൻ വെറുതെ സങ്കൽപ്പിച്ചു . എന്റെ ഉള്ളിലൊരു ചെറിയ വിറയലുണ്ടായി. തീർച്ചയായും അത് ഭയമല്ല. മറിച്ച് ചരിത്രം നൽകിയ ഒരു ഭാരമായിരുന്നു. മുറിക്കുള്ളിലെ ചെറിയ ജനലഴികളിൽകൂടി പുറത്തേയ്ക്ക് നോക്കിയാൽ ചെറിയൊരു കിളിവാതിലോട് കൂടിയ ഒരു കൂറ്റൻ ഭിത്തി മാത്രം കാണാം. കിളിവാതിലിൽ കൂടി പുറത്തേക്ക് നോക്കിയാൽ പ്രൌഢമായ ആംഭിതിയേറ്റർ കാണാനാകും. ചിലപ്പോൾ ആംഭിതിയേറ്റർ അറീനയിൽ അരങ്ങേറുമായിരുന്ന പോരുകൾക്ക് മുൻപുള്ള ഇടത്താവളങ്ങൾ ആയിരുന്നിരിക്കാം ഈ കുടുസ്സ് മുറികൾ. ഇപ്പോൾ അവിടെ ചിത്രകലാ പ്രദർശനങ്ങൾ നടക്കാറുണ്ട്. ഞങ്ങൾ പോയ ദിവസവും ഉണ്ടായിരുന്നു ഒരു ചിത്രപ്പദർശനം. വല്ലപ്പോഴുമെത്തുന്ന കാഴ്ചക്കാരെ കാത്ത് അവിടെ തളച്ചിടപ്പെട്ടത് പോലെ മദ്ധ്യവയസ്കയായ ഒരു സ്ത്രീ. ഗ്യാലറിയുടെ സൂക്ഷിപ്പുകാരി. അവർ കോട്ടയെ കുറിച്ച് വാ തോരാതെ സംസാരിച്ചു. അവിടെ ആരെങ്കിലും എത്തിയിട്ടും അവർ ആരോടെങ്കിലും സംസാരിച്ചിട്ടും വർഷങ്ങളായത് പോലെ തോന്നി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനപാതത്തിലാണ് ആംഭിതിയേറ്റർ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഒൻപതിനായിരം കാണികൾക്കിരിക്കാനായി അർദ്ധ വൃത്താകൃതിയിൽ തട്ടുതട്ടായി കല്ലിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ. (image:2f3b5503-43ef-44ce-950d-6ea1a06640dd.jpg) അവിടെ ആയുധധാരികളായ പോരാളികൾ ( ഗ്ളേഡിയേറ്റർ) തമ്മിലും പോരാളികളും മൃഗങ്ങളും തമ്മിലും ദ്വന്ദയുദ്ധം നടക്കാറുണ്ടായിരുന്നു. കോട്ടയുടെ ഗോപുരത്തിലുള്ള ജയിലിൽ അടയ്ക്കപ്പെട്ട കുറ്റവാളികളുടെ അന്ത്യം മിക്കവാറും ആംഭിതിയേറ്ററിനുള്ളിലെ ആ അർത്ഥ വൃത്തത്തിനുള്ളിലായിരിക്കും . (image:41d66364-1a6f-4f7e-9402-82318545b56c.jpg) ചരിത്രമുറങ്ങുന്ന മണ്ണിൽ നില്ക്കുമ്പോൾ കാണികളും ചരിത്രത്തിന്റെ ഭാഗമാകും. ആംഭിതിയേറ്റർ അറീനയിൽ അരങ്ങേറിയിട്ടുണ്ടാകാവുന്ന മല്ലയുദ്ധങ്ങൾക്ക് നമ്മളും കാഴ്ചക്കാരാവും. ഭയം കിനിയുന്ന നിശബ്ദതകൾക്കും സിംഹ ഗർജ്ജനങ്ങൾക്കും മനുഷ്യന്റെ അട്ടഹാസങ്ങൾക്കും ആർത്തനാദങ്ങൾക്കും നമ്മൾ സാക്ഷികളാവും. കൽപ്പടവുകളിലൊന്നിന്റെ ഒരു കോണിലീരുന്നൊന്ന് കണ്ണടച്ചാൽ നമ്മളും ആ കാലഘട്ടത്തിലെത്തും. ഇത്തരം മല്ലയുദ്ധങ്ങൾക്ക് ഏതാണ്ടായിരംവർഷത്തെ ചരിത്രമുണ്ട്. ബിസി ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ അത് പ്രശസ്തിയുടെ നെറുകയിലെത്തി. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ ക്രിസ്തുമതം വേര് പിടിച്ചതോടെ ഇത്തരം മല്ലയുദ്ധങ്ങളുടെ പ്രശസ്തി ഇല്ലാതായി. രണ്ടാംനൂറ്റാണ്ടിന്റെ അവസാനപാതത്തിൽ ആംഭിതിയറ്റർ വിപുലീകരിച്ചു. ഇരിപ്പിടങ്ങളുടെ എണ്ണം ഒൻപതിനായിരത്തിൽ നിന്നും പതിനാറായിരമായി ഉയർത്തി. നാലാം നൂറ്റാണ്ടായപ്പോഴേയ്ക്കും ആംഭിതിയറ്ററിലെ ആരവങ്ങളൊഴിഞ്ഞു. അതൊരു ക്വാറിയായി രൂപാന്തരം പ്രാപിച്ചു. ഇപ്പോൾ എല്ലാ വർഷവും ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അവിടെ ഓപ്പറ, റോക്ക് കൺസർട്ട്, പട്ടാളക്കാരുടെ സംഗീത നിശകൾ തുടങ്ങി വിവിധ സംഗീത പരിപാടികൾ അരങ്ങേറുന്നു. സ്വിറ്റ്സർലാൻഡ് ടൂറിസം കലണ്ടറിന്റെ ഭാഗമാണ് ആംഭിതിയേറ്ററിൽ അരങ്ങേറുന്ന സംഗീത നിശകൾ. റോമാ സാമ്രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകളിൽ ഇപ്പോഴുംകാലഹരണപ്പെടാതെ നിലനില്ക്കുന്നത് അവോൻഷ് കോട്ടയും ആംഭിതിയേറ്ററും മാത്രം . കാലാകാലങ്ങളായി നടത്തിയ അറ്റകുറ്റ പണികളാൽ നിലനിന്നു പോരുന്ന സ്മാരകങ്ങൾ. (image:34e5c63b-79f6-4aa1-a2e5-3c3b2d0bfdf5.jpg) ഇവയുടെ സംരക്ഷണം ഉറപ്പുവരുത്താനായി വലിയ ഉയരത്തിൽ ചുറ്റുമതിലുമുണ്ട്. മതിൽ കടന്നാൽ വർത്തമാന കാല അവോൻഷായി. റോഡ് മുറിച്ച് നഗരപ്രാന്തങ്ങളിലേക്ക് നടക്കുന്നത് ചരിത്രത്തിനൊപ്പം നടക്കും പോലെയാണ്. എവിടെയും പഴയ കാലത്തിലേക്ക് എത്തിനോക്കാൻ പാകത്തിനുള്ള ചെറിയ ചെറിയ അവശിഷ്ടങ്ങൾ. അവയ്ക്ക് ചുറ്റും കൃഷിയിടങ്ങൾ. വീടുകൾ. പഴമയും പുതുമയും. ചരിത്രവും വർത്തമാനവും. ഒരേ സമയം അത്ഭുതവും അമ്പരപ്പും നല്കുന്ന സഹവർത്തിത്വം. കൊറ്റികൾ പ്രജനനം നടത്താറുള്ള സ്ഥലമായതിനാൽ “ദ്യൂ സിഗോണിയേ” ( Sanctuary du cigognier) എന്ന് വിളിപ്പേരുള്ള ഒരു വലിയ മൈതാനമുണ്ട്. റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഇവിടെയും കാണാം. അതിനുള്ളിൽ ഒരു വശത്ത് മൂന്ന് പൂമുഖങ്ങളുള്ള അമ്പലവും മറുവശത്ത് ഒരു ചെറിയ തിയേറ്ററുമാണ്. ഹെൽവെറ്റിയക്കാർക്ക് ഒത്തുകൂടാനുള്ള ഒരിടം. വിശ്വാസവും സംസ്കാരവും മുഖാമുഖം നിന്ന് കൈകോർത്ത് പിടിച്ചിരുന്ന ഇടം. ഇന്നത് സമ്പന്നമായ അവോൻഷ് ചരിത്രത്തിന്റെ ഒരേട്. (image:ec64811d-e76e-4bcd-b237-25ebc4b66e6c.jpg) (image:cacc394e-975a-4a8f-bd4c-55f03447a646.jpg) ഈ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഹെൽവെറ്റിയക്കാരുടെ അഭിമാനത്തിന്റെ പ്രതീകമായ വലിയ ചുറ്റുമതിലിന്റെ ഒരു ഭാഗം അവശേഷിക്കുന്നു. എ ഡി 70- 80 കാലഘട്ടത്തിലാണ് ഈ കൂറ്റൻ മതിലിന്റെ നിർമ്മാണം നടക്കുന്നത്. (image:ab273726-3f41-4d71-b816-ca22a1f8b1b7.jpg) (image:3f2fe997-2f14-44b2-b7d4-1abc57f363aa.jpg) മതിലിന്റെ പലഭാഗത്തായി ഏതാണ്ട് എഴുപത്തിമൂന്നോളം ഗോപുരങ്ങളും അഞ്ച് കവാടങ്ങളുമുണ്ട്. കാലാകാലങ്ങളായി പല അറ്റകുറ്റപ്പണികൾ നടത്തിയതിന്റെ ഫലമായി ഇപ്പോൾ നിലനില്ക്കുന്ന ഭാഗങ്ങൾ ദൃഢമായി നിലകൊള്ളുന്നു. (image:2f82e43d-1852-4817-8a38-7561b7208fa5.jpg) ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണ്. അത് മനുഷ്യന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാവിയിലേക്ക് അവയെ കാത്ത് വയ്ക്കുക . ഏതാണ്ട് രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് ഇത്രയും വൈവിധ്യമാർന്ന സമ്പുഷ്ടമായ ഒരു സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ മനസ്സ് ആ കാലഘട്ടം ഒന്നുകൂടി പുനർ നിർമ്മിക്കും. അഞ്ചാം നൂറ്റാണ്ടോടെ റോമാ സാമ്രാജ്യത്തിന്റെ പ്രതാപകാലം അവസാനിച്ചെങ്കിലും പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ശേഷിപ്പുകൾ ഇപ്പോഴും ബാക്കി. വരും തലമുറയ്ക്കായി.